23.8.12

1 ഏകമാനവികത; ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രഥമ സന്ദേശം

 (2012 ആഗസ്റ്റ്‌ 17 ന്‌ 4 PM ന്യൂസിൽ പ്രസിദ്ധീകരിച്ച അൽ അൻസാർ സപ്ലിമന്റിലെ ലേഖനം)
ലോകത്തിന്റെ അകലം കുറഞ്ഞു വരുന്നു. മനുഷ്യർ പരസ്പരം അകന്നു കൊണ്ടുമിരിക്കുന്നു. അശാന്തിയുടെ മുഖരിതമായ ശബ്ദമാണ്‌ എങ്ങുനിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിൽ, പാർട്ടിയുടെ പേരിൽ, രാഷ്ട്രത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നു. ഏകാതിപതികളായ ഭരണാധികാരികൾ ഭരണീയരെ കൊന്നൊടുക്കുന്നു. വസന്തങ്ങൾ വിരിയുമ്പോഴും വിരിഞ്ഞിവിടങ്ങളിൽ നിന്നും അശുഭകരമായ വാർത്തകൾ പുറത്തു വരുന്നു.


ആധുനിക സങ്കേതങ്ങളുടെയും സാങ്കേതിക വിദ്യകളുടെ കുത്തൊഴിക്കിൽ മനുഷ്യൻ അഭിമാനം കൊള്ളുന്നു. എല്ലാം നേടിയെന്നഹങ്കരിക്കുന്നു. ഈ കുത്തൊഴുക്കിൽ ധർമ്മവും നീതിയും നന്മയും ഒലിച്ചുപോവുന്നു. സ്നേഹവും കാരുണ്യവും അന്യമാവുന്നു. സ്നേഹവും കാരുണ്യവും സഹോദര്യവും സഹവർത്തിത്തവുമായിരുന്നു മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനമായിരുന്നുവേങ്കിൽ ഇന്ന്‌ പണവും അധികാരവും സ്വാധീനവും അവക്ക്‌ വഴിമാറിയിരിക്കുന്നു. ഒരു തിരിച്ച്‌ പോക്ക്‌ അനിവാര്യമാണ്‌. നന്മയിലേക്ക്‌, സ്നേഹവും സാഹോദര്യം കളിയാടിയ ഒരു കാലഘട്ടത്തിലേക്ക്‌. സ്നേഹം, കാരുണ്യം, ദയ, ദീനാനുകമ്പ, തുടങ്ങിയവ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു.

മാനവസ്നേഹവും സാഹോദര്യവും വാഗ്ദാനം ചെയ്യുന്നു ഇസ്‌ലാം. മനുഷ്യരോട്‌ കൂറു പുലർത്തലാണ്‌ ഇസ്‌ലാം. ഏവരോടും കലർപ്പില്ലാത്ത സമീപനം. അറിവില്ലാത്തവർക്ക്‌ ശരിയായ അറിവുനൽകളും നേർവഴിയിൽ നടക്കാൻ സഹായിക്കലുമാണമത്‌. അത്‌ അസത്യത്തിൽ നിന്ന്‌ സത്യത്തിലേക്കു നയിക്കുന്നു. അനീതിയെ പിന്തുണക്കുകയോ തിന്മയോട്‌ സഹകരിക്കുന്നോ ഇല്ല. ഈ ജീവിതത്തിന്റെ അർത്ഥം വെളിപ്പെടുത്തുകയാണ്‌ ഇസ്‌ലാം. ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികൾ. ഒരേ മതാപിതാക്കളുടെ മക്കൾ. ഏകമാനവികതയാണ്‌ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന പ്രഥമ സന്ദേശം.
'ഹേ, മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്ന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു' (49:13). അറബിക്കോ അനറബിക്കോ വെളുത്തവനോ കറുത്തവനോ ഇടയിൽ യാതൊരു വ്യത്യാസവുമില്ല, ധർമനിഷ്ഠ കൊണ്ടല്ലാതെ എന്നു പ്രഖ്യാപിച്ച മുഹമ്മദ്‌ നബി(സ) ജാതീയതയുടേയും വർഗീയതയുടേയും വേരറുക്കുന്നു.

ഒരു പോലെ ജനിക്കുകയും ഒരേ ഭൂമിയിൽ വസിക്കുകയും ഒരേ വായു ശ്വസിക്കുകയും ഭൗതിക ലോകത്തെ ഒരുപോലെ സമീപിക്കുകയും ചെയ്യുന്ന നമുക്ക്‌ ഒരേ ലക്ഷ്യമാണ്‌ ഉണ്ടായിരിക്കേണ്ടത്‌. ഇഹവും പരവും വിജയിക്കാനുതകുന്ന ദൈവിക മാർഗത്തിലൂടെ ലക്ഷ്യം നേടാൻ കഴിയണം. ഏതേത്‌ മേഖലയിലും നീതിപൂർവകമായ സമീപനം നിലനിറുത്തുകയാണ്‌ ഇസ്‌ലാം ലക്ഷ്യമിടുന്നത്‌. അത്‌ കലാപത്തെ പിന്തുണക്കുകയോ അനീതിയെ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. തിന്മയെ നിരാകരിക്കുകയും തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും വേരറുക്കുകയും ചെയ്യുന്നു. മനുഷ്യനന്മയാണ്‌ ഇസ്‌ലാം വിളംബരം ചെയ്യുന്നത്‌. മാനവികമൂല്യങ്ങൾക്കാണ്‌ ഇസ്‌ലാം പ്രധാന്യം നൽകുന്നത്‌. മതനിർദ്ദേശങ്ങളിലെവിടേയും ആർക്കും ദോഷകരമായ യാതൊന്നുമില്ല. ഇസ്‌ലാമില്ലാതെ അടിസ്ഥാന മോക്ഷത്തിനുതകുന്ന നന്മകൾ ദർശിക്കാനും കഴിയില്ല. സത്യം, നീതി, വിട്ടുവീഴ്ച, കാരുണ്യം ഇവയെല്ലാം വ്യക്തിത്വ വികാസത്തിന്റെ ഘടകങ്ങളാണെങ്കിൽ ഇസ്‌ലാം അവയെ പൂർണതയിലെത്തിക്കുന്നു. ഇസ്‌ലാം, കലർപ്പില്ലാത്തതും ആത്മാർത്ഥവുമായ ഉത്തമഗുണങ്ങൾ വളർത്തുന്നു.
ലോകം വീണ്ടുമൊരു ആഘോഷത്തിന്റെ പടിവാതിൽക്കലാണ്‌. ഈദുൽ ഫിത്വർ. കഴിഞ്ഞ ഒരു മാസം; റമദാൻ, സത്യാസത്യ വിവേചന ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടമാസം. മനുഷ്യന്‌ നന്മതിന്മകൾ വേർതിരിച്ചുകാണിക്കുന്ന, ശാന്തിയുടെയും സമാധാനത്തിന്റെയും പാതകൾ വിവരിക്കുന്ന, സർവ്വോപരി ശാശ്വത ജീവിത വിജയമാർഗ്ഗം പഠിപ്പിക്കുന്ന ഗ്രന്ഥം. ആ മഹത്തായ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട പുണ്യമാസം വിശ്വാസികൾ സന്തോഷത്തോടെ സ്വീകരിച്ചു. ഒരു മാസക്കാലത്തെ  കഠിനമായ പരിശീലനത്തിന്റെയും നിയന്ത്രണങ്ങളുടെയും ദിനങ്ങൾ, പലതും ത്യജിച്ചു. പലതും ആർജ്ജിച്ചു. വിശ്വാസ ധൃഢത വീണ്ടും കൈവരിച്ചു. കാരുണ്യവും സഹാനുഭൂധിയും മനസ്സിന്‌ കുളിരേകി. ഈ സദ്ഗുണങ്ങളൊന്നും കരഗതമാക്കാൻ ഒരാൾക്ക്‌ സാധിച്ചില്ലെങ്കിൽ അയാളുടെ റമദാൻ പൂർണ്ണമല്ലെന്നർത്ഥം. റമദാൻ കൊണ്ട്‌ നേടിയെടുത്ത ആത്മീയ ഊർജ്ജവും ചൈതന്യവും ഇനി വരുന്ന പതിനൊന്ന്‌ മാസക്കാലം കാത്തു സൂക്ഷിക്കാൻ കഴിയണം.

പ്രവാചകൻ തിരുമേനി (സ) പ്രഖ്യാപിച്ചു; തന്റെ സഹോദരന്റെ അഭിമാനവും രക്തവും ധനവും സമ്പത്തും പവിത്രമാണ്‌ എന്ന്‌. പരസ്പരം അഭിമാനം ക്ഷതമേൽപ്പിക്കാതെ രക്തം ചീന്താതെ, എല്ലാവരുടെയും സൃഷ്ടാവ്‌ ഒന്നാണ്‌ എന്നും മനുഷ്യർ മുഴുവൻ ഏകോദര സഹോദരന്മാരാണെന്നും ലോക സൃഷ്ടാവായ തമ്പുരാനെ മാത്രമേ അരാധിക്കാവൂ; അവന്‌ മാത്രമേ പ്രാർത്ഥന നേർച്ച വഴിപാടുകൾ അർപ്പിക്കാവൂ എന്നുമുള്ള  ബോധം മനുഷ്യലോകത്തെ മുഴുവൻ നയിക്കുമ്പോൾ അവിടെ അശാന്തിയുടെ വെടിയുണ്ടകൾക്ക്‌ സ്ഥാനമില്ല. സംസ്ഥാനങ്ങൾ തമ്മിലോ രാഷ്ട്രങ്ങൾ തമ്മിലോ ഭരണകൂടവും ഭരണീയരും തമ്മിലോ അകൽച്ചയും വിദ്വേഷവും പകയും ഉണ്ടാവുകയില്ല. ഈ ഒരു സന്ദേശം പരസ്പരം പങ്കു വെച്ച്‌ ഒരു നവലോക സൃഷ്ടിക്കായി നമുക്ക്‌ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

1 comments:

Manoj മനോജ് said...

അപ്പോൾ പിന്നെ ഈ ദളിത് മുസ്ലിം എന്ന തിരിവ് എന്ത് കൊണ്ടായിരിക്കാം ഉണ്ടാകപ്പെട്ടത് :(

അവർക്ക് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും രക്ഷയില്ലാതായിട്ട് തങ്ങളെ അവഗണിച്ചു എന്നും അതിനാൽ ഇപ്പോൾ ഹിന്ദു ദളിതർക്ക് കിട്ടുന്ന ആനുകൂല്യം തങ്ങൾക്കും വേണമെന്ന് പറഞ്ഞ് കരഞ്ഞതെന്തിനാണാവോ :(