12.4.11

3 ജമാഅത്ത്‌ ബഡായി


പണ്ട്‌ ഞാൻ കാശ്മീരിൽ ഉള്ളപ്പോ ആയിരുന്നു കൊയപ്പങ്ങൾ. ഇന്നൊക്കെ ചെറിയ ചെറിയ പ്രശ്നങ്ങളല്ലേ ഉള്ളു. അന്ന്‌ ഞാൻ ഇന്ത്യൻ അതിർത്തിയിൽ  നിൽക്കുമ്പോ പെട്ടന്ന്‌ എന്റെ നേരെ അപ്പുറത്ത്‌ നിന്നും വെടിവെക്കാൻ തുടങ്ങി. ഞാൻ വിട്ടില്ല തിരിച്ച്‌ ഞാൻ വെച്ചു. കൂറേ എണ്ണം എന്റെ വെടികൊണ്ട്‌ വീണു. പക്ഷെ രസം അവിടേയല്ല പെട്ടന്ന്‌ നോക്കുമ്പോ എന്റെ തോക്കിലെ ഉണ്ട തീർന്നു പോയി. എന്തു ചെയ്യും ഞാൻ തോക്ക്‌ തിരിച്ച്‌ പിടിച്ച്‌ പിന്നെ വെടിയുണ്ട വരുമ്പൊ തോക്കിന്റെ പാത്തികൊണ്ട്‌ തടുത്തങ്ങ്‌ രക്ഷപ്പെട്ടു....
പട്ടാള കഥകൾ നാം ധാരാളം കെട്ടിട്ടുണ്ട്‌. നേരമ്പോക്കായും തമാശയായും പലരും പറയാറുണ്ട്‌. എന്നാൽ ഇവിടെ പറഞ്ഞത്‌ വെറും ഒരു ബഡായിയായി തോന്നുമെങ്കിലും അങ്ങിനെയല്ല.  ജമാഅത്തുമായി ചർച്ച നടത്തിയ കോൺഗ്രസ്‌ നേതാവിനെ പുറത്താക്കണമെന്ന്‌ മറ്റൊരു കോൺഗ്രസ്‌ നേതാവ്‌ ആവശ്യപ്പെടുക വരെയുണ്ടായി. ഈ ആവശ്യം കോൺഗ്രസ്‌ അംഗീകരിച്ച്‌ നടപ്പാക്കുകയാണെങ്കിൽ കോൺഗ്രസിൽ പുറത്താക്കപ്പടാത്ത നേതാക്കന്മാരായി ആരും ബാക്കിയുണ്ടാവില്ല എന്നതാണ്‌ സത്യം. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവുമടക്കമുള്ള മുൻകാല കോൺഗ്രസ്‌ സാരഥികളെ മരണാനന്തര സസ്പെൻഷനും വിധേയമാക്കേണ്ടി വരും.” (ആരിഫലി- മാധ്യമം 12.04.2011)
മേൽ അമീർ പറഞ്ഞത്‌ പോലുള്ളാതാണ്‌ ഈ കഥ. മനസിലായില്ല എന്നു നടിക്കരുത്‌.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നത്‌ ഇസ്‌ലാമിക വിരുദ്ധമാണെന്ന്‌ പറഞ്ഞ, അവർക്കെതിരിൽ ആയിരം ശാപം എന്നുമൊക്കെ പ്രാർത്ഥിച്ച ജമാഅത്തുമായി ഗാന്ധിജിയും നഹ്‌റുവുമൊക്കെ ചർച്ച നടത്തി.!! അത്ര വലിയ ജനപിന്തുണയുള്ള! ,സംഘടനാ ശേഷിയുള്ള!, ഇന്ത്യയുടെ ഭാവി ഭാഗദേയം നിർണ്ണയിക്കാൻ കെൽപുള്ള! പാർട്ടിയാണ്‌ ജമാഅത്ത്‌ എന്ന്‌!!! അതാണല്ലോ പിണറായിയുമായി ആലപ്പുഴയിലിരുന്ന് തെരഞ്ഞെടുപ്പിന്റെ  നിശ്ചയം നടത്തിയത്‌ പോലെ ഗാന്ധിജിയും നഹ്‌റുവുമൊക്കെ അവരുമായി പല കാര്യത്തിലും ചർച്ച നടത്തിയത്‌.
തെറ്റു ധരികരുത്‌. ഉള്ളത്‌ പറഞ്ഞാൽ കോപിക്കുകയുമരുത്‌. അൽപം ദിവസം  മുൻപാണ്‌ ഈ വലിയ പാർട്ടിയുടെ അഥവാ ദീനും  ദുനിയാവും എന്നിങ്ങനെ രണ്ടില്ല, മതവും രാഷ്ട്രീയവും രണ്ടല്ല എന്ന പോളിസി വച്ചുപുലർത്തുന്ന ജമാഅത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പാർട്ടിയിലെ എല്ലാ സ്ഥാനവും രാജിവെച്ചതു. ദീനും ദുനിയാവും മതവും രാഷ്ട്രീയവും എന്നിങ്ങനെ രണ്ടില്ലാത്ത പാർട്ടിക്ക്‌ എന്തിനാണ്‌ പിന്നെയൊരു പൊളിറ്റികൾ സെക്രട്ടറി എന്ന് ചോദിക്കരുത്‌. അദ്ദേഹം എന്തു കാരണം പറഞ്ഞുവോ അത്‌ ഇന്ന്‌ ജമാഅത്ത്‌ തീരുമാനമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

124 ഇടത്ത്‌ ഇടത്‌ മുന്നണിക്ക്‌, 15 വലത്‌ മുന്നണിക്ക്‌. ഒരിടത്ത്‌ ബഹിഷ്കരണം. ഒന്നു കൂടി വ്യക്തമാക്കിയാൽ 124 എടുത്ത്‌ ഇടതിന്‌ വോട്ട്‌ ചെയ്യൽ ഇബാദത്തും മറ്റുള്ളവർക്ക്‌ വോട്ട്‌ ചെയ്യൽ ശിർക്കും, 15 ഇടത്ത്‌ വലതിന്‌ വോട്ട്‌ ചെയ്യൽ ഇബാദത്ത്‌ ഇടതിന്‌ വോട്ട്‌ ചെയ്യൽ മുബാഹ്‌(ഹലാൽ), ഒരിടത്ത്‌  വോട്ട്‌ ചെയ്യാതിരിക്കൽ ഇബാദത്ത്‌ എന്നാൽ ഇടതിന്‌ വോട്ട്‌ ചെയ്യൽ സുന്നത്ത്‌. ഏതൊക്കെ സ്ഥാനാർത്ഥികൾക്ക്‌ ജമാഅത്തിന്റെ വോട്ട്‌ കിട്ടും (അത്‌ എത്ര ഉണ്ടാവും എന്നത്‌ വേറെകാര്യം) എന്ന്‌ വിശകലനം ചെയ്യാൻ വരട്ടെ, കഴിഞ്ഞകാലങ്ങളിലെ ഇടത്‌ വലത്‌ മുന്നണികളുടെ ഭരണം വിലയിരുത്തുകയും താരതമ്യേന ഇടത്‌ ഭരണമാണ്‌ മെച്ചപ്പെട്ടത്‌ എന്നതിന്റെ അടിസ്ഥാനത്തിലാണത്രെ ഇടതിന്‌ 124 ഇടത്ത്‌ വോട്ട്‌ നൽകാൻ തീരുമാനിച്ചതു. അങ്ങിനെയെങ്കിൽ 15 ഇടത്ത്‌ വലതിന്‌ വോട്ട്‌ നൽകാൻ തീരുമാനിച്ചതോ? അത്‌ അവിടുങ്ങളിലെ ഭരണം താരതമ്യേന വലതിന്റെതായിരുന്നു മെച്ചം!!. അല്ലെങ്കിൽ 15 ഇടത്തെ വലത്‌ സ്ഥാനാർത്ഥികൾ വിജയിച്ചാൽ അവർ ഇടതിന്‌ പിന്തുണ നൽകുമായിരിക്കും, ജമാഅത്തിന്റെ ശൂറ തീരുമാനമൊന്നും സാധാരണക്കാർക്ക്‌ തിരിയണമെന്നില്ല അതൊക്കെ വലിയ വലിയ ചിന്താ ശേഷിയും ദൈഷണികതയും വിശിഷ്യ ബൗദ്ധിക വളർച്ചയും കൈവരിച്ചവർക്കേ ഉൾകൊള്ളാൻ പറ്റൂ.
അമീറിന്റെ പ്രഖ്യാപനം വന്നതുമുതൽ കെ.എം. ഷാജിയും എം.കെ.മുനീറും വലിയ സങ്കടത്തിലാണ്‌. കാരണം പണ്ട്‌ ഗുരുവായൂരിൽ കൊണ്ടുപോയ മൂല്യോ മീറ്റരിൽ മഗ്‌രിബ്‌ നമസ്കരിക്കുന്ന സമദാനിക്ക്‌ മൂല്യം കാണാതെ മഗ്‌രിബ്‌ സിനിമയാക്കിയ പി.ടി. കുഞ്ഞുമുഹമ്മദിന്‌ മൂല്യം കണ്ട ജമാഅത്ത്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനകീയ്യ മുന്നണി(വാ പൊത്തരുത്‌ അങ്ങിനെ ഒന്ന്‌ ഉണ്ടായിരുന്നു)യായി മൽസരിച്ച്‌ രണ്ടും അഞ്ചും പതിനൊന്നും വോട്ട്‌ നേടി തങ്ങളുടെ ശക്തി തെളിയിച്ചതിനാൽ ആ വോട്ട്‌ കിട്ടിയാൽ ജയിച്ചു പോകുമായിരുന്നു എന്ന കണക്ക്‌ കൂട്ടലിലായിരുന്നു അവർ. ഇപ്പോൾ മുനീറും ഷാജിയും വിചാരിക്കുന്നുണ്ടാവും ജമാഅത്തിനെ വിമർശിക്കേണ്ടായിരുന്നു, പകരം അടിച്ചോടിക്കുകയോ അക്രമിക്കുകയോ ചെയ്താൽ മതിയായിരുന്നു എന്ന്‌. ജമാഅത്തിനെ വിമർശിച്ചതിനാൽ അവർക്ക്‌ വോട്ടില്ല, അടിച്ചോടിക്കാൻ പറഞ്ഞ എളമരം കരീമിന്‌ വോട്ട്‌!!! ജമാഅത്ത്‌ ഭീകര സംഘടനയാണ്‌, അവരുടെ ലക്ഷ്യം ഇസ്‌ലാമിക ഭരണമാണ്‌, ജമാഅത്ത്‌ മുസ്‌ലിം മുഖ്യധാര സംഘടനയല്ല എന്നൊക്കെപ്പറഞ്ഞ പിണറായി സാഹിബിന്റെ മുന്നനിക്ക്‌ പ്രധാന പിന്തുണ!!!.
ഇനി മലപ്പുറം ഏറനാട്‌ ആർക്കും വോട്ട്‌ നൽകരുത്‌ എന്നാണ്‌ ജമാഅത്തിന്റെ ഫത്‌വ. ഫത്‌വ കണ്ടപ്പോൾ അവിടുത്തെ സ്ഥാനാർത്തികൾ ആരൊക്കെയാണ്‌ എന്ന്‌ നോക്കിയപ്പോഴാണ്‌ ഗുട്ടൻസ്‌ പിടികിട്ടിയത്‌.

“അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാവുന്നത്‌ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേർന്ന്‌ ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക്‌ വോട്ട്‌ നൽകുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ലാ”(പ്രബോധനം 1970 ജൂലൈ)ത്തതിനാൽ ഏറനാട്‌ മൽസരിക്കുന്ന ഇടത്‌ വലത്‌ മുന്നണികളിലെ സ്ഥാനാർത്ഥികളായ മുസ്‌ലിംകൾക്കോ സ്വതന്ത്രനായി മൽസരിക്കുന്ന മുസ്‌ലിം സ്ഥാനാർത്ഥിക്കോ വോട്ട്‌ നൽകാൻ പാടില്ല എന്ന്‌ തീരുമാനിച്ചാൽ ജമാഅത്തിനെ കുറ്റം പറയാനോക്കില്ല.

ജമാഅത്തിന്റെ വോട്ട്‌ വേണ്ട എന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞതിലാണ്‌ ഇപ്പോൾ ഒ അബ്ദുറഹ്‌മാൻ സാഹിബിന്‌ അരിശം. "ഒന്നാമതായി യു.ഡി.എഫിനെ പിന്തുണക്കുന്നതായി ജമാഅത്ത്‌ പ്രഖ്യാപിച്ചിട്ടില്ല. പകരം, സ്ഥാനാർത്ഥികളെയാണ്‌ പിന്തുണക്കുന്നത്‌. ജമാഅത്തിന്റെ വോട്ട്‌ വേണമെന്നും അത്‌ സ്വീകാര്യമാണെന്നും അറിയിച്ച യു.ഡി.എഫിലെ സ്ഥാനാർഥികൾക്ക്‌ വോട്ട്‌ നൽകുമ്പോൾ അത്‌ വേണ്ടെന്ന്‌ പറയേണ്ടത്‌ കുഞ്ഞാലിക്കുട്ടിയല്ല, ബന്ധപ്പെട്ട സ്ഥാനാർഥികളാണ്‌." (മാധ്യമം ഓൻ ലൈൻ എഡിഷനിൽ നിന്ന്‌ 12.04.2011 ന്‌ പകർത്തിയത്‌) ഒരു ദിവസം സുബഹ്‌ ബാങ്ക്‌ കൊടുക്കാൻ മുഅദ്ദിനോടൽപം താമസിച്ച്‌ പോയി. അന്നാകട്ടെ പതിവിലും കൂടുതൽ ആളുകൾ വരികയും ചെയ്തു. മുഅദ്ദിനെ ഒന്നു ചോദ്യം ചെയ്യണം അതാണ്‌ കാര്യം. അല്ല മുസ്‌ല്യാരെ ഇന്ന്‌ ബാങ്ക്‌ കൊടുക്കാൻ അൽപ തമസിച്ചതെന്താ? “ഓ അല്ലെലും സമയത്തിൻ കൊടുത്താ നിങ്ങളിംഗ്‌ വരുമല്ലോ”. മുഅദ്ദിന്റെ മറുപടി പോലെയേ ഒ അബ്ദുറഹ്മാൻ സാഹിബിനോടും അവർക്ക്‌ പറയാനുണ്ടാവുക.

യൂ.ഡി.എഫിനെ പിന്തുണക്കുന്നതയി ജമാഅത്ത്‌ പറഞ്ഞിട്ടില്ല യു.ഡി.എഫ്‌ സ്ഥാനാർത്ഥി കളെയാണത്രെ പിന്തുണക്കുന്നത്‌! അപ്പോ എൽ.ഡി.എഫിന്റെ ഭരണമാണ്‌ കൂടുതൽ മെച്ചം അതിനാൽ 124 ഇടത്ത്‌ എൽ.ഡി.എഫിന്‌ എന്ന്‌ പറഞ്ഞതോ? പോട്ടെ ജമാഅത്തിന്റെ പ്രസ്ഥാവന ഒന്നു നോക്കാം “കോഴിക്കോട്‌: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി 124 മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളിൽ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട്‌ മണ്ഡലത്തിൽ സംഘടന വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിൽക്കും. കാസർഗോഡ്‌, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂർ , കുണ്ടംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാർ , വൈക്കം, അടൂർ , ഇരവിപുരം, വർക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ്‌ യു.ഡി.എഫിനെ പിന്തുണക്കുക."(മാധ്യമം ഓൻ ലൈൻ എഡിഷനിൽ നിന്ന്‌ 12.04.2011 ന്‌ പകർത്തിയത്‌) മേൽ പ്രസ്താവനയിൽ യു.ഡി.എഫിന്‌ എന്ന്‌ തന്നെയാണ്‌ ഉള്ളത്‌, അതും രണ്ടിടത്ത്‌. കുഞ്ഞാലിക്കുട്ടിയെ വിമർശിക്കാൻ അങ്ങിനെ മാറ്റി പറയലും ജമാഅത്തിന്‌ ഇബാദത്താണ്‌. ഒ അബ്ദുറഹ്‌മാൻ സാഹിബ്‌ പറഞ്ഞത്‌ പ്രകാരം മുന്നണിയെ പിന്തുണക്കുന്നില്ല സ്ഥാനാർത്ഥിയെ തന്നെയാണ്‌ പിന്തുണക്കുന്നത്‌ എന്ന്‌ വെക്കുക. എന്നാൽ ഈ വാചകമൊന്ന്‌ വായിക്കുക.
"പ്രത്യക്ഷത്തിൽ ചില വ്യക്തികളാണെങ്കിലും യഥാർത്ഥത്തിൽ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നും ആ വ്യക്തികൾക്ക്‌ വോട്ട്‌ കൊടുക്കുന്നതിനർത്ഥം അവർ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങൾക്ക്‌ ബൈഅത്ത്‌ ചെയ്യുകയാണെന്നും അതിനാൽ ഒരു യഥാർത്ഥ മുസൽമാന്‌ അത്‌ സാധ്യമല്ലെന്നും ഈ പംക്തിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. (പ്രബോധനം 1960)" സ്ഥാനാർത്ഥികൾക്ക്‌ വോട്ടുനൽകുന്നത്‌ യഥാർത്ഥത്തിൽ ആ മുന്നണിക്ക്‌ വോട്ട്‌ നൽകൽ തന്നെയാണേന്ന്‌ ജമാഅത്ത്‌ തന്നെ പറയുന്നു. വ്യരുധ്യമേ.....................
ഈ ജമാഅത്തുകാർ അവരുടെ പ്രസിദ്ധീകരണമെങ്കിലും ഒന്ന്‌ വായിച്ചിരുന്നെങ്കിൽ!!!

3 comments:

Faisal nagath said...

മൌദൂതികള്‍ തമാശ കാണിച്ചു കൊണ്ടേ ഇരിക്കട്ടെ........ !
എന്നാലല്ലേ നമുക്കൊരു "ഇര" ഉണ്ടാവുകയുള്ളൂ ...!!!
എങ്ങാനും നാന്നായി പ്പോയാല്‍ കഥ തീര്‍ന്നില്ലേ !!!!!

സുഹൈൽ മേലടി said...

Tanks

Unknown said...

വിമർശനം കൊള്ളാം,പക്ഷെ അതിവൈകാരീകമവരതു, അപ്പോൾ വിമർശനതിന്റെ ആത്മാർതത് ചൊദ്യം ചെയ്യപ്പെടും.ഇസ്ലമീക സംസ്കാരം പാലിക്കുക.