(അൽ ഫുർഖാൻ സെന്ററിന് വേണ്ടി 2009ൽ എഴുതിയത്)

ഹിജ്റ രണ്ടാം വർഷമാണ് അല്ലാഹു അത് നിർബന്ധമാക്കുന്നത്. റമദാൻ മാസം നോമ്പനുഷ്ടിക്കുവാൻ അവസരം ലഭിച്ചതിലുള്ള സന്തോഷവും അതിൽ അല്ലാഹുവിന്ന് നന്ദി ചെയ്യുക എന്ന ഉദ്ദേശ്യത്തോടേയും പെരുന്നാൾ ദിവസം ഒരാളും പട്ടിണികിടക്കരുത് എന്നതിനാലും അന്യരുടെ മുന്നിൽ കൈനീട്ടുന്ന അവസ്ഥ സമുദായത്തിനില്ലാതിരിക്കുവാനും അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് കൊണ്ട് നിർവ്വഹിക്കുവാനുമാണ് സകാത്തുൽ ഫിത്വർ വിശ്വാസിയുടെമേൽ നിർബന്ധമാക്കപ്പെട്ടത്.
അതാത് നാട്ടിലെ പ്രധാന ഭക്ഷ്യ വസ്തുക്കളിൽ നിന്നും ഒരു സ്വാഅ് (എകദേശം 2.4 കി. ഗ്രാം) ആണ് നൽകേണ്ടത്. അബൂ സഈദുൽ ഖുദ്രി(റ) പറയുന്നു. "ഞങ്ങൾ പ്രവാചകന്റെ കാലത്ത് പെരുന്നാളിന് ഞങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഒരു സ്വാഅ് ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നു. അത് ഗോതമ്പോ, മുന്തിരിയോ, പാൽകട്ടിയോ, കാരക്കയോ ആയിരുന്നു.(ബുഖാരി). ഫിത്വർ സകാത്തിന് പകരമായി പണം നൽകൽ സുന്നത്തിന് വിരുദ്ധമാണ്. അതിനാലാണ് പ്രവാചകൻ (സ) അന്ന് നിലവിലുണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കൾ എണ്ണിപ്പറഞ്ഞത്. എന്നാൽ തന്റെ വിഹിതം ഭക്ഷണമായി വാങ്ങി അവകാശികൾക്കെത്തിക്കുവാൻ മറ്റൊരാളെയോ സംഘത്തെയോ എൽപിക്കാവുന്നതാണ്. ഒരാൾക്ക് ഫിത്വർ സകാത്ത് നിർബദ്ധമാകുന്നത് ശവ്വാൽ ഒന്ന് പ്രഖ്യാപിച്ചതു മുതൽ അവൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ്. ശവ്വാൽ ഒന്ന് പ്രഖ്യാപിച്ചതു മുതൽ പെരുന്നാൾ നമസ്കാരത്തിന്റെ മുൻപ്വരെയാകുന്നു അതിന്റെ സമയം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുൻപ് നൽകുന്നതിനും വിരോധമില്ല. എന്നാൽ പെരുന്നാൾ നമസ്കാരത്തോടെ അതിന്റെ സമയം അവസാനിക്കുന്നു.
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം ‘ജനങ്ങൾ നമസ്കാരത്തിന് പോകുന്നതിന് മുൻപ് അത്(ഫിത്വർ സകാത്ത്) കൊടുത്ത് വീട്ടുവാൻ പ്രവാചകൻ(സ) ഞങ്ങളോട് കൽപിക്കുകയും ചെയ്തിരുന്നു.’ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം ‘ആരെങ്കിലുമത്(ഫിത്വർ സകാത്ത്) നമസ്കാരത്തിന് മുൻപ് വിതരണം ചെയ്താൽ അത് സകാത്തുൽ ഫിത്വർ ആകുന്നു. ആരെങ്കിലും അത് നമസ്കാരത്തിന് ശേഷമാണ് വിതരണം ചെയ്യുന്നതെങ്കിൽ അത് ഒരു സ്വദഖ മാത്രമാകുന്നു’.(അബൂ ദാവൂദ്)
ഈദുൽ ഫിത്വർ
പ്രവാചകൻ(സ) പറഞ്ഞു: ‘എല്ലാ ജനതയ്ക്കും ആഘോഷങ്ങളുണ്ട് ഇത് നിങ്ങളുടെ ആഘോഷമാണ്’. ഇവിടെ പ്രവാചകൻ പരാമർശിച്ച വസ്തുത ഈ രണ്ട് ആഘോഷങ്ങളും, മുസ്ലിംകൾക്ക് മാത്രമായുള്ളതാണ് എന്നാണ്. ഈദുൽഫിത്വറും ഈദുൽ അദ്ഹയും കൂടാതെ മുസ്ലിം ജനതയ്ക്ക് മറ്റ് ആഘോഷങ്ങളില്ല. അനസ്(റ)പറയുന്നു. അല്ലാഹുവിന്റെ തിരുദൂതർ(സ) മദീനയിൽ ആഗതനായ വേളയിൽ മദീനയിലെ ജനങ്ങൾ ര ണ്ട് ആഘോഷങ്ങൾ കൊൺ ടാടിയിരുന്നു. ആ ദിവസങ്ങളെ അവർ ഉത്സവാഘോഷങ്ങളോടെയായിരുന്നു ആചരിച്ചിരുന്നത്. പ്രവാചകൻ(സ) അൻസാറുകളോട് ഇതിനെക്കുറിച്ചാരാഞ്ഞു. അവർ തങ്ങളുടെ ആഘോഷങ്ങളെക്കുറിച്ചും അവരുടെ ഉത്സവരീതിയെക്കുറിച്ചും വിവരിച്ചു കൊടു ത്തു. അപ്പോൾ പ്രവാചകൻ ഇങ്ങനെ പ്രതിവചിച്ചു. ആ ദിവസങ്ങൾക്ക് പകരം മറ്റ് രണ്ട് ദിവസങ്ങളെ അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു. അവയേക്കാൾ ഉത്കൃഷ്ടമായ രണ്ട് ദിനങ്ങൾ ഈദുൽ ഫിത്റും ഈദുൽ അദ്്ഹയും’(അബൂദാവൂട്). അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ് ഈ രണ്ണ്ട് സുദിനങ്ങൾ. ആ അനുഗ്രഹങ്ങൾക്ക് നാം അല്ലാഹുവിനോട് നന്ദികാണിക്കുകയും അവയുടെ ലക്ഷ്യപ്രാപ്തി കരഗതമാക്കുകയും വേണം.
പെരുന്നാൾ ആഘോഷത്തിന്റെ മര്യാദകൾ, നിബന്ധനകൾ
കുളി: സഈദ് ബിൻ ജുബയ്റിൽ നിന്നും നിവേദനം: മൂന്ന് കാര്യങ്ങൾ പെരുന്നാൾ ദിനത്തിൽ സുന്നത്താണ്. ഈദ് ഗാഹിലേക്ക് നടന്ന് യാത്ര ചെയ്യൽ, സ്നാന നിർവ്വഹണം (കുളി), ലഘു ഭക്ഷണം (ഈദുൽ ഫിതർ).(ബുഖാരി, മുസ്ലിം)
ഈദ് ഗാഹിലേക്ക് പുറപ്പെടും മുമ്പുള്ള ഭക്ഷണം: ഈദുൽ ഫിതർ നാളിൽ ഭക്ഷണം കഴിച്ചിട്ടാവണം ഈദ് ഗാഹിൽ പോകേണ്ടത്. പക്ഷെ ബലിപെരുന്നാൾ നാളിൽ നമസ്ക്കാരം നിർവ്വഹിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. അത് ബലിയറുത്ത മാംസത്തിൽ നിന്നും ഒരു ഭാഗം ഭക്ഷിക്കുന്നത് വരെയായിരിക്കൽ ഉത്തമമാണ്.
തക്ബീർ ചൊല്ലൽ: പെരുന്നാൾ ദിനത്തിൽ തക്ബീർ ധ്വനികൾ മുഴക്കുന്നത് പ്രബലമായ സുന്നത്താണ്. ഇമാം ദാറുകുത്നിയിൽ നിന്നുള്ള ഒരു നിവേദന പ്രകാരം ഇബ്നു ഉമർ (റ) ഈദുൽ ഫിത്ര് ദിനത്തിലും ബലി പെരുന്നാൾ ദിനത്തിലും ഈദ് ഗാഹിലേക്ക് പുറപ്പെട്ട് അവിടെ എത്തി ഇമാം ഈദ് ഗാഹിൽ അണയുന്നത് വരെയും തക്ബീർ ധ്വനി മുഴക്കാറുണ്ടായിരുന്നു.
ആശംസകൈമാറൽ: ഈദിന്റെ സുദിനത്തിൽ ജനങ്ങൾ പരസ്പരം ഈദാശംസ കൈമാറാം. ഏതു രൂപത്തിലുള്ള ആശംസകളും ആകാവു ന്നത്താണ്. ആശംസകളിൽ പെട്ട ഒന്ന്: تقبل الله منا ومنكم (അല്ലാഹു എന്റെയും നിങ്ങളുടെയും സത്കർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ). പ്രവാചകന്റെ(സ) കാലത്ത് ജനങ്ങൾ പരസ്പരം ആശംസ കൈമാറിയിരുന്നത് ഈ ഉത്കൃഷ്ടമായ പ്രാർത്ഥന ഉപയോഗിച്ചായിരുന്നു. (ഇബ്നുഹജർ)
വസ്ത്രധാരണം: ജാബിർ (റ) പറയുന്നു: നബി(സ) തന്റെ ജുബ്ബ (നീളൻ കുപ്പായം) പെരുന്നാൾ ദിനത്തിലും വെള്ളിയാഴ്ചകളിലും ധരിക്കാറുൺായിരുന്നു. അൽ ബൈഹഖിയിൽ നിന്നും നിവേദനം: ഇബ്നു ഉമർ (റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാൾ ദിനത്തിൽ അണിഞ്ഞിരുന്നത്. അത്കൊണ്ടൺ് നാം നമ്മുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ അണിഞ്ഞ് നാം ഈദുഗാഹുകളിലെത്തുക.
വഴിമാറൽ: ജാബിർ ഇബ്നു, അബ്ദുല്ല (റ) നിവേദനം: നബി(സ) ഈദ് ദിനത്തിൽ ഈദ് ഗാഹിൽ വരുന്ന വഴിയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് തിരിച്ച് നടന്നിരുന്നത്. (ബുഖാരി)
മേൽ സൂചിപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി പരിശ്രമിക്കുക. സകാത്തുൽ ഫിത്വർ, ഈദ് ആഘോഷം തുടങ്ങി എല്ലാ മേഖലകളിലും ഖുർആനും സുന്നത്തും അനുസരിക്കുന്ന യഥാർത്ഥ വിശ്വാസികളിൽ അല്ലാഹു നമ്മെ ഉൾപെടുത്തുമാറാവട്ടെ.
0 comments:
Post a Comment