17.5.11

5 ലീഗിന്‌ നന്ദി പറയാം വി.എസ്സിനോട്‌ പിന്നെ ജമാഅത്തിനോടും

ഏറെ ആവേശത്തോടെയായിരുന്നു പലരും പതിമൂന്നാം തീയ്യതി ടെലിവിഷനു മുന്നിൽ കുത്തിയിരുന്നത്‌. സ്ക്രീനിൽ മിന്നിമറയുന്ന നമ്പറുകളും അവതാരകരുടെ കമന്റുകളും ആവേശത്തെ തള്ളിമാറ്റി പകരം ആശ്ചര്യവും അതിനെ ചവിട്ടിമാറ്റി ആശങ്കയും നൽകി. എഴുപതെ എഴുപത്‌ എന്ന്‌ ശബ്ദമുയർത്തിയുള്ള എനോൻസ്മന്റ്‌ കേട്ടതോടെ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തിയിരിക്കാം പലരും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ മാത്രമുണ്ട്‌. എന്താണ്‌ ഈ തെരഞ്ഞെടുപ്പ്‌ നൽകിയ സന്ദേശം എന്ന്‌ ആലോചിച്ചപ്പോൾ വന്ന ചില ചിന്തകളാണ്‌ ഈ പോസ്റ്റിന്‌ കാരണം.
വോട്ടെടുപ്പ്‌ ദിവസം ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക്‌ പുല്ലു വിലനൽകാതെ അകത്തേക്ക്‌ ഓടിക്കയറിയ ഒരു നടിയെ ചാനലുകൾ കാണിച്ചിരുന്നു. ജീവിതത്തിൽ ഇത്രയും ചമ്മിയ ഒരു നിമിഷം അവർക്ക്‌ ഉണ്ടായിട്ടുണ്ടാവില്ല. സൈക്കിളിൽ നിന്നും വീണ ഒരു ചിരിയുമായി പമ്മി പമ്മി സ്ഥലം വിട്ടെന്നാണ്‌ പറയുന്നത്‌. നടിയുടെ വോട്ട്‌ ഒപ്പി എടുക്കാൻ ചാനൽ ക്യാമാറകൾ ഒപ്പമുള്ളത്‌ കണ്ടതോടെ ഒരുത്തന്റെ നീതിബോധം ഉയർത്തെഴുന്നേറ്റു. ക്യൂ നികാതെ വോട്ട്‌ ചെയ്യാൻ പറ്റില്ലെന്നായി പുള്ളി. ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരം ഒട്ടും പാഴാക്കില്ല എന്നതാണല്ലോ മലയാളിയുടെയൊരു പ്രത്യേകത. നീതി ബോധത്തിന്റെ ഗുട്ടൻസ്‌ അവിടെയാണ്‌.
 
തമിഴ്‌ നാട്ടിൽ സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത്‌ സിനിമാക്കാരാണ്‌. എം.ജി.ആർ മുതൽ കരുണാ നിധിയും ജയലളിതയും തുടങ്ങിയവർ അതിന്‌ ഉദാഹരണമാണ്‌. മുൻപ്‌ സിനിമയിൽ ഫൈറ്റിംഗ്‌ രംഗത്ത്‌ കയ്യിൽ നിന്നും കത്തി തെറിച്ചുപോയ നായകന്‌ തിയേറ്ററിലിരുന്ന്‌ സിനിമ കാണുന്ന ഒരു പ്രേക്ഷകൻ അരയിൽ നിന്നും കത്തി എടുത്ത്‌  എറിഞ്ഞു കൊടുത്തു എന്നൊരു തമാശകേട്ടിട്ടുണ്ട്‌. നടിമാരുടെ പേരിൽ അമ്പലം പോലും പണിത ആ നാട്ടുകാരുടെ കാര്യത്തിൽ അതൊരു ആശ്ചര്യം നൽകുന്നില്ല. ഇളയ ദളപതി വിജയ്‌, വടിവേലു, കുഷ്ബു, തുടങ്ങിയ ഇപ്പോഴത്തെ താരങ്ങളും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ട്‌. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്‌. സിനിമ കാണുന്ന മലയാളി അവന്റെ ബുദ്ധിയും വിവേകവും സിനിമാക്കാർക്ക്‌ പണയം  നൽകില്ല. ഇതാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നൽകുന്ന ഒരു സന്ദേശം.  നടന്മാരും നടിമാരും പ്രചാരണത്തിനിറങ്ങിയ ഒട്ടുമിക്ക സ്ഥാനാർത്ഥികളും പരാചയപ്പെട്ടു. മാത്രമല്ല തെരഞ്ഞെടുപ്പോടുകൂടി ചില നടികളുടെ പോസ്റ്ററുകളിൽ കരിഓയിൽ പ്രയോഗവും നടന്നു. മലയാളി മന്നന്റെ സിനിമാഭിനിവേശത്തിന്‌ രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം മുളയിലേ നുള്ളിക്കളഞ്ഞു. വരുംകാല തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാനും പ്രചാരണത്തിനിറങ്ങാനും ആഗ്രഹിക്കുന്ന സിനിമാകാർക്ക്‌ ഇതൊരു തിരിച്ചറിവാകട്ടെ.
 
പെൺവാണിഭക്കാരെയും.. പീഢനക്കാരെയും.. കയ്യാമം വെച്ച്‌ നടുറോഡിലൂടെ നടത്തിക്കും.... നടത്തിക്കും.... നടത്തിക്കും..... ക്കും..... ക്കും......  അഞ്ച്‌ വർഷം മുൻപാണ്‌ ഈ ഗീർവാണം കേരള ജനത കേട്ടത്‌. എന്നാപിന്നെ അങ്ങേരുടെ പൂതിയല്ലേ, മാത്രമല്ല മുഖ്യമന്ത്രി കസേരയിലിരിക്കാൻ മൂപ്പർക്കും ആഗ്രഹമുണ്ടാവുമല്ലോ എന്നു കരുതിയാണ്‌ മലയാളി മങ്കമാരടങ്ങുന്ന വോട്ടർമാർ നിയമ സഭയിലേക്ക്‌ കടത്തിവിട്ടത്‌. അതോടെ പലരും പല പ്രതീക്ഷയുമായി കഴിഞ്ഞു കൂടി. പോലീസുകാരകട്ടെ പഴ കയ്യാമങ്ങളൊക്കെ എടുത്ത്‌ പോളീഷ്‌ ചെയ്തു വച്ചു. നടുറോഡുകളൊക്കെ താൽക്കാലികമായി പാച്ച്‌ വർക്ക്‌ ചെയ്തു. കയ്യാമം വെച്ച്‌ നടത്തുന്നത്‌ ഇപ്പൊകാണാം ഇപ്പൊ കാണാം എന്ന് കരുതി  പലരും കണ്ണിൽ എണ്ണയും ഒഴിച്ച്‌ കാത്തിരുന്നു. കാത്തിരുന്നത്‌ മെച്ചം. കയ്യാമവുമില്ല നടുറോഡുമില്ല. സ്ത്രീ പീഢനം സ്വന്തം പാർട്ടിയിൽ തന്നെ നടന്നു എന്ന്‌ ദേശീയ നേതാക്കൾ. കുപ്പി പോലും മാറ്റാതെ പഴയ വീഞ്ഞുമായി ടിയാൻ അതാ വീണ്ടും വരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ അതോടെ കൊഴുത്തു. ആളുകൾ കൂടി. എന്നോട്‌ ദേഷ്യം വരില്ലെങ്കിൽ ഒരു കാര്യം പറയാം, നാടിന്റെ വികസനം, വ്യാവസായിക വളർച്ച, നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയേക്കാൾ പെൺവാണിഭം സ്ത്രീപീഢനം എന്നിവയിലാണ്‌ ആളുകൾക്കിപ്പോൾ താൽപര്യം. അത്‌ പൊലിപ്പും തൊങ്ങലും വെച്ച്‌ പറയുന്ന സദസ്സിൽ ആളുകൾ കൂടുന്നു. ഇനി അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ പഴയ വീഞ്ഞ്‌ കേരള ജനത വീണ്ടും രുചിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ .. ബാക്കി നിങ്ങൾ പൂരിപ്പിച്ചോളൂ... എന്ത്‌ ചെയ്തു എന്നതിനപ്പുറം എന്തു പറയുന്നു എന്നാണ്‌ ആളുകളുടെ നോട്ടം. അഞ്ചു വർഷം അധികാരം കയ്യിലുണ്ടായിട്ട്‌ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു മുഖ്യമന്ത്രിയുടെ ചരിത്രവും വി.എസ്‌ മൂലം ലഭിക്കുന്നു.

യഥാർത്ഥത്തിൽ കഴിഞ്ഞ തവണ മാധ്യമങ്ങളാണ്‌ വി.എസ്സിന്‌ പ്രശസ്തിയുടെ മോഡിനൽകിയതെങ്കിൽ ഇത്തവണ ആ പണി എതിരാളികൾ ഏറ്റെടുക്കുകയാണുണ്ടായത്‌. ഒരുഘട്ടത്തിൽ പിണറായിയും വി.എസ്സും തമ്മിലുള്ള പോരിൽ വി.എസ്സിന്റെ പോളിറ്റ്‌ ബ്യൂറോ അംഗ്വത്വം നഷടമായി. മുഖ്യമന്ത്രി ആയി ചെയ്ത പലതും പാർട്ടിയുടെ കടിഞ്ഞാൺ മുറുകിയതോടേ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നു. പാർട്ടി, മുഖ്യനെ ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ല എന്ന നിലയിൽ അത്‌ വ്യാഖ്യാനിക്കപ്പെടുകയും ഇവ രണ്ടും  വി.എസ്സിന്‌ ഒരു രക്തസാക്ഷി പരിവേഷം നൽകുകയും സഹതാപതരംഗമാവുകയും ചെയ്തു. ഇങ്ങനെയുള്ള അവസ്ഥയിൽ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോഴാണ്‌ വി.എസ്സിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുക എന്ന നിലപാടിലേക്ക്‌ യു.ഡി.എഫും എത്തിച്ചേരുന്നത്‌. സഹതാപവും വിമർശനങ്ങളും ഒക്കെ ആയപ്പോൾ തെരഞ്ഞെടുപ്പിലെ താരം വി.എസ്‌ ആയി.


കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ മുസ്‌ലിം ലീഗ്‌ നല്ല ഒരു തിരിച്ച്‌ വരവ്‌ നടത്തിയിരിക്കുന്നു. ലീഗിനെതിരെ നടന്നിട്ടുള്ള എല്ലാ പ്രചരണങ്ങളിൽ നിന്നും പാഠമുൾകൊണ്ട്‌ തെറ്റു തിരുത്തിയും ജനകീയ്യഅടിത്തറ മെച്ചപ്പെടുത്തിയും തിരിച്ച്‌ വരാൻ ലീഗിന്‌ ഒരു പക്ഷെ തിരിച്ചറിവ്‌ ഉണ്ടായത്‌ വി.എസ്സ്‌ മൂലമാവാം. ലീഗിനെയും ലീഗിന്റെ നേതാവിനേയും മാത്രം ടാർജറ്റ്‌ ചെയ്തായിരുന്നു വി.എസ്സിന്റെ പ്രവർത്തനം എന്നിരിക്കെ  സ്വന്തം പാളയത്തിലെ ഒരു ജില്ലാ സെക്രട്ടറിക്കെതിരെയുള്ള മൗനം വി.എസ്സിന്റെ  കാപട്യത്തെയാണ്‌ ബോധ്യപ്പെടുത്തുന്നത്‌. മുസ്‌ലിം ലീഗിന്റെ ശത്രുക്കൾ അവരുടെ ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്ത്‌ എയ്തു. പക്ഷെ അതൊക്കെ ലീഗിനെ സംബന്ധിച്ചെടുത്തോളം ഊർജ്ജമാവുകയായിരുന്നു എന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സന്ദേശം. അധികാരവും വ്യാമോഹവും പഴയ അവസ്ഥയിലേക്ക്‌ ലീഗിനെ എത്തിക്കില്ല എന്ന്‌ ആശിക്കാം. 

ഏതെങ്കിലും ഒരു കക്ഷിയുടെ വോട്ട്‌ ഞങ്ങൾക്ക്‌ ആവശ്യമില്ല എന്ന് പറയുന്ന രാഷ്ട്രീയപാർട്ടികൾ അപൂർവ്വ്വമായിരിക്കും. എന്നാൽ ജമാഅത്തിന്റെ വോട്ട്‌ ആവശ്യമില്ല എന്ന് ലീഗ്‌ തന്റേടത്തോടെ പറഞ്ഞു. കഴിഞ്ഞ പാർളിമന്റ്‌ തെരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ജമാഅത്ത്‌ തങ്ങളുടെ ശക്തി(!) തെളിയിച്ചതാണ്‌. ഇപ്പോൾ അമീർ പറയുന്നത്‌ ജമാഅത്ത്‌ സ്വീകരിച്ച നിലപാട്‌ ശരിയായിരുന്നു എന്ന് തെരഞ്ഞെടുപ്പ്‌ തെളിയിച്ചു എന്ന്! തൊലിക്കട്ടി ഒരു സൗഭാഗ്യം തന്നെ!. 
മുസ്‌ലിം ലീഗിനെയും നേതാക്കളേയും താറടിച്ചു കാണിക്കുക എന്നതാണ്‌ ജമാഅത്തിന്റെ എക്കാലത്തേയും അജണ്ട. മാധ്യമവും മറ്റു ആനുകാലികങ്ങളും അതിനായി ധാരാളം അച്ചുകൾ നിരത്തുന്നു. ഇസ്‌ലാമിക മൂല്യങ്ങൾ ഇസ്‌ലാമിക പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ വിസ്മരിക്കുന്നു. ലീഗിനെ സംബന്ധിച്ചെടുത്തോളം ജമാഅത്തിന്റെ ഈ സമീപനത്തെ കുറിച്ചുള്ള തിരിച്ചറിവും ഒരളവോളം ശക്തമായ ഒരു നിലപാടെടുക്കാൻ സഹയകമായി. തീവ്രവാദത്തേയും മത രാഷ്ട്രവാദത്തേയും എതിർക്കപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വോട്ടായിരിക്കാം ഒരുപക്ഷെ കെ.എം. ഷാജിയുടെയും എം.കെ മുനീറിന്റെയും വിജയത്തിന്‌ സഹായകമായിട്ടുള്ളത്‌. അവരാണ്‌ ജമാഅത്തിന്റെയും എൻ.ഡി.എഫിന്റെയും പ്രധാന വിമർശകർ എന്ന നിലക്ക്‌ ജമാഅത്തിന്റെ വോട്ട്‌ അവർക്ക്‌ നൽകില്ല എന്ന് നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.

തിളക്കമാർന്ന വിജയത്തിന്റെ ആഹ്ലാദത്തിൽ നിൽക്കുന്ന ലീഗ്‌ എന്തായാലും ജമാഅത്തിനും എൻ.ഡി.എഫിനും വീ.എസ്സിനും നന്ദി പ്രകാശിപ്പിക്കുക. വിമർശനങ്ങളിൽ നിന്നും ഊർജ്ജമുൾകൊണ്ട്‌ കൊണ്ട്‌ ജനപ്രിയ, ക്ഷേമ പ്രവർത്തനങ്ങളിലൂടെ  നല്ല ഭരണം കാഴ്ചവെക്കാൻ ലീഗിനും യൂഡി.എഫിനും കഴിയട്ടെ.

5 comments:

Noushad Vadakkel said...

>>>>>മുസ്‌ലിം ലീഗിനെയും നേതാക്കളേയും താറടിച്ചു കാണിക്കുക എന്നതാണ്‌ ജമാഅത്തിന്റെ എക്കാലത്തേയും അജണ്ട. മാധ്യമവും മറ്റു ആനുകാലികങ്ങളും അതിനായി ധാരാളം അച്ചുകൾ നിരത്തുന്നു. ഇസ്‌ലാമിക മൂല്യങ്ങൾ ഇസ്‌ലാമിക പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ വിസ്മരിക്കുന്നു.<<<<

100% true ..കാരണം അവര്‍ക്ക് ആകെയുള്ള പ്രതീക്ഷ ലീഗിന്റെ തകര്‍ച്ചയിലാണ് ...ആദര്‍ഷമോക്കെ വലിച്ചെറിഞ്ഞിട്ട്‌ കാലം ഏറെയായി ..അവര്‍ അത് അംഗീകരിക്കില്ല എങ്കിലും ...:)

സന്തോഷ്‌ said...

<> വിമർശനങ്ങളിൽ നിന്നും ഊർജ്ജമുൾകൊണ്ട്‌ കൊണ്ട്‌ ജനപ്രിയ, ക്ഷേമ പ്രവർത്തനങ്ങളിലൂടെ നല്ല ഭരണം കാഴ്ചവെക്കാൻ ലീഗിനും യൂഡി.എഫിനും കഴിയട്ടെ.<>

ലീഗിന്റെ നിയമസഭാ കക്ഷി നേതാവ് ശ്രീ കുഞ്ഞാലികുട്ടി കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ഒരു മന്ത്രി എന്ന നിലയില്‍ താന്‍ പലര്‍ക്കും പലതും വഴി വിട്ടു ചെയ്തു കൊടുത്തു എന്ന് കുറച്ചു നാളുകള്‍ക്കു മുന്‍പ് മാധ്യമങ്ങളിലൂടെ പരസ്യമായി കുറ്റസമ്മതം നടത്തുകയുണ്ടായി. ഇത്തവണയും അതുപോലെ ആകില്ല എന്ന് പ്രതീക്ഷിക്കാമോ? ജനപ്രിയ, ക്ഷേമപ്രവർത്തനങ്ങള്‍ കാത്തിരുന്നു കാണേണ്ടി വരും. ഖജനാവില്‍ പണം ഇല്ല എന്ന് മാണിസാര്‍ ഇപ്പോഴേ പറഞ്ഞു തുടങ്ങി. രണ്ടായിരം കോടിയില്‍ അധികം രൂപ ഖജനാവില്‍ മിച്ചമുണ്ട് എന്നാണു തോമസ്‌ ഐസക് പറയുന്നത്. സത്യാവസ്ഥ ധവളപത്രം വരുമ്പോള്‍ അറിയാം.

islamikam said...

"""കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ഒരു മന്ത്രി എന്ന നിലയില്‍ താന്‍ പലര്‍ക്കും പലതും വഴി വിട്ടു ചെയ്തു കൊടുത്തു എന്ന് ശ്രീ ""കുഞ്ഞാലികുട്ടി"" (ലീഗിന്റെ നിയമസഭാ കക്ഷി നേതാവ്) കുറ്റസമ്മതം നടത്തുകയുണ്ടായി.""

Vs.

POst.."...മുസ്‌ലിം ലീഗിനെയും നേതാക്കളേയും താറടിച്ചു കാണിക്കുക എന്നതാണ്‌ ജമാഅത്തിന്റെ എക്കാലത്തേയും അജണ്ട.

(to support this)""ഇസ്‌ലാമിക മൂല്യങ്ങൾ"" ഇസ്‌ലാമിക പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ വിസ്മരിക്കുന്നു.""

_____________
Ha, Ha, What a great ഇസ്‌ലാമിക മൂല്യങ്ങൾ deserve to be supported!!!

islamikam said...

Suhail,

I expect your reply to my comment below posted in your "JI Pettu"

Pls.

naj

islamikam said...

Suhail, Would you please reply to my comment in "JI Pettu"
......This is not fair leaving the topic abondoned !!