19.5.09

1 ജമാഅത്ത്‌ കാലിലെ മഹാമന്തും ആരാന്റെ കാലിലെ നീർക്കെട്ടും

ജനാധിപത്യ പ്രക്രിയയിൽ നാളിത്‌വരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച്‌ വന്ന വൈരുദ്ധ്യാധിഷ്ഠിത നയനിലപാടുകളെ തുറന്നു കാണിച്ച്‌ കൊണ്ട്‌ ജനാബ്‌ കെ.എൻ.എ ഖാദർ 24.04.09 ന്‌ ചന്ദ്രികയിലെഴുതിയ ലേഖനത്തിന്‌ 16.05.09 ലെ പ്രബോധനത്തിലെ മറുപടി വായിക്കാനിടയായി. സ്വന്തം കാലിലെ മഹാമന്ത്‌ ഒളിപ്പിച്ച്‌ അന്യന്റെ കാലിലെ നീർക്കെട്ട്‌ വൻമന്തായി ചിത്രീകരിക്കുകയാണത്രെ കെഎൻഎ ഖാദറിന്റെ ദൗർബല്യം.
ജമാഅത്ത്‌ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാതിരുന്നപ്പോൾ അതിനേയും പിന്നീട്‌ പങ്കെടുത്തപ്പോഴും മൂല്യാധിഷ്ഠിത വോട്ടെന്നതിനേയും ഒടുവിൽ ഇടത്‌ മുന്നണിയെ പൈന്തുണച്ചപ്പോൾ അതിനേയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തു എന്നതാണ്‌ ലേഖകന്റെ മനോവ്യഥ. ജമാഅത്തിനെ ടാർജറ്റ്‌ ചെയ്ത്‌ വിമർശിക്കുക എന്നത്‌ മുസ്ലിം ലീഗിന്റെയും ചന്ദ്രികയുടേയും നയമല്ല. നാളിത്‌വരെ ജമാഅത്ത്‌ സ്വീകരിച്ചുപോന്ന നയനിലപാടുകളിലെ യുക്തിരാഹിത്യവും ഇസ്ലാമിക പ്രസ്ഥാനം എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരുടെ സാമുദായിക വിരുദ്ധവുമായ സമീപനങ്ങളെയും തുറന്ന്‌ കാണിക്കുമ്പോൾ "ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം" എന്നു തോന്നുക സ്വാഭാവികം.
'ഭരണമില്ലാത്ത ദീൻ ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത സങ്കൽപ വീടായികണ്ട്‌' 'ആധുനിക മതേതര ദേശീയ ജനാധിപത്യം ഇസ്ലാമിന്നും ഈമാനിന്നും കടഘ വിരുദ്ധമാണ്‌' എന്ന്‌ പ്രഖ്യാപിച്ച്‌ 'വോട്ട്‌ ചെയ്യൽ ശിർക്കാണെന്ന്‌ ജമാഅത്ത്‌ പറഞ്ഞിട്ടുണ്ട്‌, അത്‌ ഇന്നലെ ശിർക്കാണ്‌, ഇന്ന്‌ ശിർക്കാണ്‌, നാളെ ശിർക്കാണ്‌ ഖിയാമത്ത്നാൾ വരെ ശിർക്കാണ്‌' എന്നു ഫത്‌വയും നൽകി, എന്നാൽ തങ്ങൾക്കാവശ്യം വരുമ്പോൾ അവയൊക്കെ ജലരേഖയായി മാറ്റാനുമൂള്ള വൈദഗ്ധ്യവും ജമാഅത്തിന്ന്‌ മാത്രം അവകാശപ്പെട്ടതാണ്‌. മൂല്യാധിഷ്ഠിത വോട്ടിങ്ങിലൂടെ മുസ്ലിംലീഗ്‌ സ്ഥാനാർത്ഥികൾക്കും ജമാഅത്ത്‌ വോട്ട്‌ ലഭിച്ചിട്ടുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്‌ മറ്റൊന്ന്‌. മഗ്‌രിബ്‌ സിനിമയാക്കിയ പിടി കുഞ്ഞുമുഹമ്മദും മഗ്‌രിബ്‌ നമസ്കരിക്കുന്ന സമദാനിയും ഗുരുവായൂരിൽ മൽസരിച്ചപ്പോൾ ഓരോ ജമാഅത്തകാരണം  മൂല്യോമീറ്റർ വലത്‌ കയ്യിലും ഇടത്‌ കയ്യിൽ അരുവാൾ ചുറ്റികയുമായി പോളിംഗ്‌ ബൂത്തിൽ പോയി ഇഖാമത്തുദ്ദേ‍ീനിന്നായി എന്ന്‌ മനസ്സിലുറപ്പിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കിപ്പറഞ്ഞ്‌ മൂല്യമെടുത്ത്‌ മീറ്ററിലിട്ടപ്പോൾ കുഞ്ഞഹമ്മദിന്റെ മൂല്യം താങ്ങാനാവാതെ കറങ്ങിതിരിഞ്ഞ്‌ സൂചിതന്നെ പൊട്ടിപ്പോയതും, ലാൽകൃഷ്ണ അധ്വാനി ക്കെതിരിൽ രാജേഷ്ഖന്ന മൽസരിച്ചപ്പോഴത്തെ മൂല്യാധിഷ്ഠിത മാനദണ്ഠവും ജമാഅത്ത്‌ മറന്നാലും കേരളം മറക്കില്ല.
ഇന്ത്യയിൽ മുസ്ലിംകൾക്ക്‌ സുരക്ഷയും സമധാനവുമുണ്ട്‌ എന്ന്‌ ഇ അഹമ്മദ്‌ ഐക്യരാഷ്ട്ര സഭയിൽ തട്ടിവിട്ടു എന്നതിന്റെ പ്രബോധനത്തിലെ അടുത്തവരി ഗസ്സയിലെ ഇസ്രായിലിന്റെ കൂട്ട സംഹാരത്തെക്കുറിച്ചാണ്‌. ഈ രണ്ട്‌ പരാമർശവും അടുത്തടുത്ത്‌ വന്നത്‌ യാദൃശ്ചികമാകാം. ഗസ്സ അടങ്ങുന്ന ഫലസ്ഥീനും, അഫ്ഗാനും ഇറാഖും വിഭജനാനന്തരം രൂപം കൊണ്ട പാക്കിസ്ഥാനും തുടങ്ങി മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ മുസ്ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ ജമാഅത്തിന്‌ ആരും പറഞ്ഞ്‌ കൊടുക്കേണ്ടതില്ല. അധിനിവേശ ശക്തികകളുടെ ആക്രമണങ്ങളിലും, വൈദേശികാധിപത്യത്തിനെതിരിൽ സാമ്രാജ്യത്ത ത്തിനെതിരെ എന്നൊക്കെ പറഞ്ഞ്‌ സ്വയം സംരക്ഷകരായി രംഗത്ത്‌ വരുന്ന തീവ്രവാദ ഗ്രൂപ്പുകളുടേയും ചാവേറുകളുടേയും ക്രൂരതകളിൽ ജീവനപഹരിക്കപ്പെടുന്ന മനുഷ്യരുടേയും എല്ലാം നഷ്ടപ്പെട്ട്‌ തെരുവിൽ അലയുന്നവരുടേയും കരളലിയിപ്പിക്കുന്ന ചിത്രം മനുഷ്യ മനസ്സാക്ഷിയുള്ളവരെ നൊമ്പരപ്പെടുത്തുമ്പോൾ ഇന്ത്യയിൽ മുസ്ലിംകൾക്ക്‌ അവരുടെ വിശ്വാസാചരങ്ങളനുസരിച്ച്‌ ജീവിക്കാനും ആശയ പ്രചരണം നടത്താനും കഴിയുന്ന സാഹചര്യം നിലവിലുണ്ടെന്ന്‌ ഇ അഹമദ്‌  പറഞ്ഞത്‌ കൊടും പാതകമായി ജമാഅത്തിന്ന്‌ തോന്നുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം അത്‌ ജമാഅത്താണ്‌.
സുസ്ഥിരമായ ഒരു ഭരണ സംവിധാനത്തിന്റെ അഭാവമാണ്‌ ഇന്ന്‌ പാക്കിസ്ഥാൻ നൽകുന്ന പാഠം. ആ ഒരവസ്ഥയിലേക്ക്‌ ഇന്ത്യയും എത്തണമെന്നതാണ്‌ ജമാഅത്ത്‌ തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച്‌ വരുന്ന നിലപാടുകൾ വ്യക്തമാക്കുന്നത്‌."വർഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികളെ തോൽപ്പിക്കുക, കോൻഗ്രസിന്‌ മുന്നണിയിൽ അമിതമായ മേൽകൈ ലഭിക്കാതിരിക്കുക, ഇടത്‌ കക്ഷികളുടെ സാനിധ്യം പാർലമന്റിൽ ഉറപ്പ്‌ വരുത്തുക. മികച്ച ന്യൂനപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക (പ്രബോധനം 16 മെയ്‌ 09) എന്നിവയാണ്‌ ജമാഅത്തിന്റെ മഹത്തായ തെരഞ്ഞെടുപ്പ്‌ നിലപാട്‌. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ വേണ്ടി ഗുണകരമായ ഒട്ടനവധികാര്യങ്ങൾ ചെയ്ത യു പി എ സർക്കാർ അധികാരത്തിൽ വരരുത്‌ എന്ന്‌ മാത്രമല്ല വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു മുന്നണിയും പാർലമന്റ്‌ കാണരുത്‌ എന്നതാണ്‌ ഇവരുടെ ഉദ്ദേശ്യം. വിവിധ സംസ്ഥാനങ്ങളിൽ ജമാഅത്ത്‌ പൈന്തുണ ലഭിച്ച കക്ഷികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്‌ അതാണ്‌. അയൽ സംസ്ഥാനമായ തമിഴ്‌ നാട്ടിൽ ജമാഅത്ത്‌ പൈന്തുണ ലഭിച്ച കക്ഷികൾ കോൺഗ്രസ്‌, ഡി എം കെ, പി എം കെ, സി പി എം, സി പി ഐ, മതി നേഴമക്കൾ, മുസ്ലിം ലീഗ്‌. എന്നിവയാണ്‌ എന്നത്‌ ഒരുദാഹരണം. ഫലത്തിൽ കേവല ഭൂരിപക്ഷമില്ലാത്ത എന്നാൽ പരസ്പരം വിലപേശലുകൾക്കും കുതിരക്കച്ചവടത്തിന്നും വഴിയൊരുക്കുകയും വർഗ്ഗീയ ഫാസിസ്റ്റുകൾ അധികാരത്തിൽ വരികയും ചെയ്യുന്ന പാർലമന്റാവാം ജമാഅത്ത്‌ ഭാവനയിൽ വിരിഞ്ഞ പാർലമന്റ്‌.
ഇടത്‌ പക്ഷത്തെ സംബന്ധിച്ചെടുത്തോളം ആണവകരാർ എന്നത്‌ അവരുടെ നിലനിൽപ്പിന്ന്‌ അനിവാര്യമായിരുന്നു. മറ്റൊരായുധം തെരഞ്ഞെടുപ്പ്‌ ഗോധയിൽ ഉപയോഗിക്കാനവർക്കില്ല. അതുകൂടി ഇല്ലായിരുന്നെങ്കിൽ കേരളവും ബംങ്കാളുമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ കിട്ടിയ സീറ്റുകൾ കൂടി അവർക്ക്‌ നഷ്ടപ്പെടുമായിരുന്നു. അഞ്ച്‌ വർഷത്തെ യു പി എ ഭരണത്തിലെ ജനവിരുദ്ധ നടപടികളോ ഭരണ കോട്ടങ്ങളോ എടുത്തു കാണിക്കാനില്ല എന്നത്‌ ഒരു വസ്തുതയാകുമ്പോൽ തന്നെ ആരോപണത്തിന്ന്‌ വേണ്ടിയെങ്കിലും വല്ലതും ഉന്നയിച്ചാൽ അത്‌ തങ്ങൾക്ക്‌ തന്നെ തിരിച്ചടിയാകുമെന്ന്‌ അവർക്ക്‌ നന്നായി ബോധ്യമുണ്ട്‌. എന്നാൽ പാർലമന്റിൽ ഇടത്‌ പക്ഷത്തിന്റെ വ്യക്തമായ സാനിധ്യം സ്വപ്നം കണ്ട ജമാഅത്തിന്ന്‌ മാത്രം അത്‌ ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു.
ഇനി കേരളത്തിലാണെങ്കിൽ ന്യൂനപക്ഷ വിരുദ്ധ വിശിഷ്യ മുസ്ലിം വിരുദ്ധ നിലപാടുകളുടെ ഒരു ഘോഷയാത്രയായിരുന്നു കഴിഞ്ഞ മൂന്ന്‌ വർഷത്തെ എൽഡിഎഫ്‌ ഭരണം എന്ന്‌ ഇതിനകം കേരളജനത വിധി എഴുതിക്കഴിഞ്ഞു. മതനിരാസം കുത്തിനിറച്ച വിദ്യാഭ്യാസനയം, അലിഗഡ്‌ യൂനിവേഴ്സിറ്റിയോടുള്ള മിഷേധാത്മക നിലപാട്‌ ,മദ്രസ ഗ്രാന്റ്‌ നഷ്ടപ്പെടുവാനിടയക്കിയ സാഹചര്യം എന്നിങ്ങനെ സമുദായത്തേയും മുസ്ലികളേയും ബാധിക്കുന്ന എന്തൊക്കെയുണ്ടായാലും സാമ്രാജ്യത്തിത്തിന്നെതിരെ എന്നോ അധിനിവേശ ശക്തികൾ ക്കെതിരിൽ എന്നോ ആരെങ്കിലും പറയുന്നത്‌ കേട്ടാൽ അതേറ്റ്പിടിച്ച്‌ സ്വയംബുദ്ധിജീവിപരിവേഷം ചമയുന്ന പ്രവണത വിട്ട്‌ യാഥാർത്ഥ്യത്തിലേക്ക്‌ തിരിച്ച്‌ വരുവാൻ ജമാഅത്തിന്ന്‌ ഇനിയെങ്കിലും സാധിക്കട്ടെ എന്ന്‌ പ്രത്യാശിക്കാം.

1 comments:

ബ്ലോഗി said...

http://www.solidarityym.net/video/shihabuddeen-bin-hamza-on